അയാൾ ഓർക്കുകയായിരുന്നു...
ആ ആൽമരച്ചുവട്ടിലിരുന്ന്,
ഇനിയും കത്താത്ത, വള്ളിപ്പടർപ്പുകൾ കീഴടക്കിയ, ആ പൊട്ടിയ തെരുവുവിളക്കിനെ നോക്കിക്കൊണ്ട് അയാൾ ഓർക്കുകയായിരുന്നു...
തന്നെക്കുറിച്ച്...
തൻ്റെ യാത്രയെ കുറിച്ച്...
തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ ഭ്രാന്തിനെ കുറിച്ച്...
കറുത്ത ചട്ടയുള്ള ആ ഡയറിയിലെ വരികൾ അയാളെ പുറകോട്ട് വലിക്കുന്നുണ്ടായിരുന്നു. ആൽമരക്കൊമ്പിൽ കിളികൾ കൊക്കുകളുരുമ്മി. ഒരിളംകാറ്റ് കരിയിലകളെ പാറിപ്പറത്തി പട്ടങ്ങളാക്കി. കറുത്ത ചട്ടയുള്ള ആ ഡയറിയിലെ താളുകൾ കാറ്റിൽ താനേ മറിഞ്ഞു.
അയാളുടെ കണ്ണുകളിൽ തിളക്കമുള്ള ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു...
ഹോസ്റ്റലിലേക്കു നീളുന്ന ആ നടവഴിയിൽ ചെംവാകപ്പൂക്കൾ വീണു കിടന്നിരുന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ മുങ്ങുന്ന സൂര്യൻ്റെ ചുവപ്പിൽ ആ വാകപ്പൂക്കൾ ഒന്നുകൂടി ചുവന്നു. തൻ്റെ കറുത്ത ഡയറിയിലെ വെളുത്ത താളുകളും ചുവന്നുതുടങ്ങുന്നതായി അയാൾക്കു തോന്നി. വിപ്ലവത്തിനു ചുവപ്പായിരുന്നു. ആ ആൽമരച്ചുവട്ടിൽ കൊട്ടിക്കലാശിച്ച ഓരോ മുദ്രാവാക്യവും ചുവപ്പായിരുന്നു. അതേ ആൽമരച്ചുവട്ടിൽ കുറുകിത്തുടങ്ങിയ കൗമാരത്തിൻ്റെ നിറവും ചുവപ്പായിരുന്നു. കലാലയത്തിനു നിറം പകർന്ന നിമിഷങ്ങളിലെ രാത്രികളിൽ തീകൂട്ടി ചുറ്റിനുമിരുന്ന് കഥകൾ പറഞ്ഞപ്പോൾ ഓരോരുത്തരുടെ മുഖവും ചുവപ്പായിരുന്നു... ആൽമരച്ചുവടും ആ പരിസരം ഒന്നാകെയും വിജനമായിരുന്നു. ആൽമരത്തറയിൽ കണ്ണും തുറന്ന് അയാൾ കിടന്നു. കണ്ണുകളടക്കാൻ ആവുമായിരുന്നില്ല. ഒരു തിരശ്ശീലയിലെന്നവണ്ണം ഓർമ്മകൾ,ചിത്രങ്ങൾ മാറിമറയവേ, എങ്ങനെ... ചക്രവാളത്തിലെ ചുവപ്പിനു രാശി കുറഞ്ഞു. അയാളുടെ കണ്ണുകളിലെ തിളക്കം അപ്പോഴും ബാക്കിനിന്നു.ആ കണ്ണുകൾക്ക് പറയാൻ ആയിരം കഥകളുണ്ടായിരുന്നു...
Коментарі